2016, മാർച്ച് 16, ബുധനാഴ്‌ച

കുണ്ഡലിനീ ധ്യാനം - Shakthi Kundalini Meditation

കുണ്ഡലിനീ ധ്യാനം-
ശ്വാസോച്ഛ്വാസകലാഭ്യാം ച ശരീരം ത്രിഗുണാത്മകം |
പഞ്ചഭൂതാവൃതാ നിത്യം പഞ്ചാനിലാ ഭവേദ് ധ്രുവം ||
കോടിസൂര്യപ്രതീകാശാം നിരാലംബാം വിഭാവയേത് |
സർവ്വസ്ഥിതാം ജ്ഞാനരൂപാം ശ്വാസോച്ഛ്വാസനിവാസിനീം ||
സ്വയംഭൂകുസുമോത്പന്നാം ധ്യാനജ്ഞാനപ്രകാശിനീം |
മോക്ഷദാം ശക്തിദാം നിത്യാം നിത്യജ്ഞാനസ്വരൂപിണീം ||

ലോലാം ലീലാധരാം സർവ്വാം ശുദ്ധജ്ഞാനപ്രകാശിനീം |
കോടികാലാനലസമാം വിദ്യുത് കോടിമഹൗജസാം ||
തേജസാവ്യാപ്തകിരണാം മൂലാദൂർദ്ധ്വപ്രകാശിനീം |
അഷ്ടലോകപ്രകാശാഢ്യാം ഫുല്ലേന്ദീവരലോചനാം ||
സർവ്വമുഖീം സർവ്വഹസ്താം സർവ്വപാദാംബുജസ്ഥിതാം |
മൂലാദിബ്രഹ്മരന്ധ്രാന്ത- സ്ഥാനലോകപ്രകാശിനീം ||
ത്രിഭാഷാം സർവ്വഭക്ഷാം ച ശ്വാസനിർഗ്ഗമപാലിനീം |
ലളിതാം സുന്ദരീം നീലാം കുണ്ഡലീം കുണ്ഡലാകൃതിം ||
അഭൂമണ്ഡലബാഹ്യസ്ഥാം ബാഹ്യജ്ഞാനപ്രകാശിനീം |
നാഗിനീം നാഗഭൂഷാഢ്യാം ഭയാനകകളേബരാം |
യോഗിജ്ഞേയാം ശുദ്ധരൂപാം വിരളാമൂർദ്ധ്വഗാമിനീം ||

ആദ്ധ്യാത്മികസിദ്ധിയുടെ പ്രകാശനം എവിടെയെല്ലാമുണ്ടൊ അവിടെയെല്ലാം കുണ്ഡലിനീശക്തിയുടെ ഊർദ്ധ്വചലനം സംഭവിച്ചിട്ടുണ്ടാകും. ബോധാതീത അവസ്ഥയിലേക്കുള്ള പ്രവേശനകവാടമാണ് , താക്കോലാണ് കുലകുണ്ഡലിനി. മൂലാധാരത്തിൽ നിദ്രകൊള്ളുന്ന ഈ ശക്തി തന്നെയാണ് ലളിതാംബിക. ആ ദേവിയുടെ കൃപക്ക് പാത്രമാവുക എന്നതാണ് സാധകരുടെ പ്രഥമകർത്തവ്യം.

ശ്വാസോച്ഛ്വാസങ്ങളാകുന്ന കലകൾകൊണ്ട് ത്രിഗുണാത്മികമായിരിക്കുന്ന ശരീരത്തിൽ പഞ്ചഭൂതങ്ങളാൽ ആവൃതമായി പഞ്ചപ്രാണങ്ങളോടൊപ്പം ശ്വാസോച്ഛ്വാസങ്ങളിൽ നിവസിക്കുന്നവളും എല്ലാ വസ്തുക്കളിലും സ്ഥിതിചെയ്യുന്നവളും കോടിസൂര്യപ്രഭയോടുകൂടിയവളും നിരാലംബയും ജ്ഞാനരൂപിണിയുമായ കുണ്ഡലിനിയെ ധ്യാനിക്കണം. സ്വയംഭൂലിംഗരൂപമായ കുസുമത്തിൽ നിന്ന് ജനിച്ചവളും, ധ്യാനവും ജ്ഞാനവും പ്രകാശിപ്പിക്കുന്നവളും, മോക്ഷവും ശക്തിയും കൊടുക്കുന്നവളും, നിത്യയും നിത്യജ്ഞാനസ്വരൂപിണിയും, ലോലയും ലീലയാടുന്നവളും, സാധകന് ശുദ്ധജ്ഞാനത്തെ പ്രകാശിപ്പിക്കുന്നവളും, കോടികാലാഗ്നിസദൃശയും, കോടി ഇടിമിന്നലിന്റെ തേജസോടുകൂടിയവളും, തേജസുകൊണ്ട് സർവ്വത്ര വ്യാപിക്കുന്നവളും, മൂലാധാരപദ്മത്തിന് മുകളിലുള്ള കേന്ദ്രങ്ങളെ കാണിച്ചുതരുന്നവളും, അഷ്ടലോകങ്ങളെ കാണിച്ചുതരുന്നവളും, വിടർന്ന താമരപോലെയുള്ള കണ്ണുകളുള്ളവളും, പ്രബഞ്ചത്തിൽ എല്ലായിടത്തും മുഖങ്ങളും കൈകളും പാദാംബുജങ്ങളും ഉള്ളവളും, മൂലാധാരം മുതൽ ബ്രഹ്മരന്ധ്രംവരെയുള്ള സ്ഥാനങ്ങളും ലോകങ്ങളും പ്രകാശിപ്പിക്കുന്നവളും, പരാ-പശ്യന്തി-വൈഖരി എന്നീ മൂന്ന് ഭാഷകളുള്ളവളും, എല്ലാം ഭക്ഷിക്കുന്നവളും, ശ്വാസം പുറത്തേക്ക് പോകുന്ന മാർഗ്ഗത്തെ പരിപാലിക്കുന്നവളും, ലളിതാത്രിപുരസുന്ദരിയും, നീലനിറമുള്ളവളും, സർപ്പാകൃതിയുള്ളവളും, ഭൂമണ്ഡലത്തിൽ വസിക്കാതെ അതിനുബാഹ്യമായി ഇരിക്കുന്നവളും, നാഗത്തെ ആഭരണമാക്കിയ ഭയാനകശരീരത്തോടുകൂടിയ നാഗിനിയും, ബ്രഹ്മജ്ഞാനത്തെ പ്രകാശിപ്പിക്കുന്നവളും, യോഗികൾക്ക്മാത്രം അറിയാൻ കഴിയുന്നവളും, ശുദ്ധസ്വരൂപിണിയും വിരളയും ഊർദ്ധ്വഗമനം ചെയ്യുന്നവളുമായ കുലകുണ്ഡലിനീ ദേവിയെ ധ്യാനിക്കുന്നു.
ഫലശ്രുതി ഃ
ഇപ്രകാരം പരദേവതയായ കുണ്ഡലിനീദേവിയെ മൂലാധാരപദ്മത്തിൽ ധ്യാനിക്കുന്നവന് വളരെവേഗത്തിൽ ധ്യാനസിദ്ധി ഉണ്ടാകും.
ശ്രീമാത്രേ നമഃ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ