2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

അദ്വൈതം എന്നാല്‍


സര്‍വേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ കേവലയാ വിദ്യായാ വേത്തി സിദ്ധം

എല്ലാവര്‍ക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ

കണ്ണു തുറന്നാല്‍ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാല്‍ കാണുന്നതിന്റെയെല്ലാം യഥാര്‍ഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യര്‍ യഥാര്‍ത്ഥമായതിന്റെ മുകളില്‍ അയത്ഥാര്‍ത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യന്‍ വാദിച്ചു. 

ആചാര്യന്‍ ഇപ്രകാരം ഒരു ഉദാഹരണവും നല്‍കി: “കാട്ടില്‍ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യന്‍ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറില്‍ കാണും. അത് കയറാണെന്ന സത്യം മനസ്സിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേര്‍തിരിച്ചു കാണുവാന്‍ കഴിയുകയില്ല. എന്നാല്‍ അറിവിന്റെ വെളിച്ചത്തില്‍ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യന്‍ തിരിച്ചറിയുന്നു.” പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവയ്ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നാണു്. 

കാലം, ദേശം എന്ന പരിധികള്‍ക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പലരൂപഭാവങ്ങളില്‍ പ്രകടമാകുകയാണു് (മായ). ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). 

അപ്പോള്‍ ആരാണു പാമ്പിനെയും കയറിനേയും കാണുന്നതു്? കണ്ണുകളാണു കാണുന്നതു്, എന്നാല്‍ കണ്ണു തുറന്നുവച്ചാല്‍ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാന്‍ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവു് എന്നതു്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണു്. 

ഈ ആത്മാവു തന്നെയാണു ബ്രഹ്മം (അയം ആത്മാ ബ്രഹ്മ). അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്ന വചനത്തിലൂടെ  അദ്വൈതാശ്രമത്തെ  പ്രചരിപ്പിക്കുന്നു 

അദ്വൈതവേദാന്തം ("ദ്വൈതത്തെ നിഷേധിക്കുന്ന വേദാന്തം") സര്‍വ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന ഏകത്വ തത്ത്വശാസ്ത്രമാണു്. അദ്വൈതം ആത്മാവിനേയും ബ്രഹ്മത്തേയും  നിര്‍വചിക്കുന്നു. ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്‌ഗീത (യഥാക്രമം ഉപദേശം, ന്യായം, സാധന എന്നിങ്ങനെ പ്രസ്ഥാനത്രയി) എന്നീ ഹൈന്ദവ തത്ത്വശാസ്ത്രഗ്രന്ഥങ്ങളാണു് അദ്വൈതാശ്രമത്തിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍.

പ്രസ്ഥാനത്രയികളായ ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനമെഴുതിയാണു ശങ്കരാചാര്യന്‍ അദ്വൈതവേദാന്തം സിദ്ധാന്തവല്‍ക്കരിച്ചതു്. വേദാന്തത്തിന്റെ കാതലായ ആശയങ്ങളെ ആചാ‍ര്യന്‍ പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയില്‍ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു:

ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ

( ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല.)


ശാസ്ത്രം, യുക്തി, അനുഭവം, കര്‍മ്മം എന്നിവയില്‍ അധിഷ്ഠിതമാണു് അദ്വൈതാശ്രമം. അനുവര്‍ത്തിക്കപ്പെടേണ്ട ഒരു ജീവിതത്തെ കുറിച്ചു വേദാന്തം വ്യക്തമായി അനുശാസിക്കുന്നുണ്ടു്. ബാല്യകാലത്തു തുടങ്ങുന്ന വേദാന്ത പഠനം മുതല്‍ മരണം വരെയും അദ്വൈതവീക്ഷണങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ തിരിച്ചറിഞ്ഞു കൊണ്ടാ‍യിരിക്കും ഒരു വേദാന്തി ജീവിക്കുന്നതു്. ഇക്കാരണം കൊണ്ടുതന്നെയാണു് അദ്വൈതവേദാന്തത്തെ പരീക്ഷണ തത്ത്വചിന്ത എന്നു വിശേഷിപ്പിക്കുന്നതു്. ജീവന്‍‌മുക്തി (ജീവിച്ചിരിക്കുമ്പോള്‍ തന്നെയുള്ള മുക്തി) നേടിയവര്‍ അദ്വൈതികളായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഈ വ്യക്തികള്‍ (മഹാത്മ എന്ന പേരില്‍ പൊതുവായി ആദരിക്കപ്പെടുന്നു) അത്മാവും ബ്രഹ്മവും ഒന്നാണെന്നു തിരിച്ചറിഞ്ഞവരാകുന്നു. 

2 അഭിപ്രായങ്ങൾ: